ബംഗളൂരു: ലഹരി വ്യാപനം തടയാൻ കേരള ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കര്‍ണാടക സർക്കാർ. കേരള-കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കാനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബംഗളൂരു വിധാൻ സൗധയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അതിർത്തി മേഖലകളിലെ ലഹരി കടത്ത് തടയുന്നതിനുള്ള സംയുക്ത നടപടികൾ ചർച്ച ചെയ്തത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ യോഗം ജൂലൈ 10ന് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ചേരാനും തീരുമാനമായി.
ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളെ ഡി.കെ. ശിവകുമാർ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ദൗത്യമാണിതെന്ന് കർണാടക മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.
കേരള-കർണാടക പൊലീസ് സേനകൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തമാക്കുമെന്നും ലഹരി വിരുദ്ധ നടപടികൾക്കായി ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായും ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് ലഹരിക്കെതിരായ നടപടികളുടെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് പിന്നാലെ നിരവധി അറസ്റ്റുകളും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രഹസ്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാനായി തൂഫാൻ വിജിലൻസ് സംവിധാനവും രൂപീകരിച്ചിട്ടുണ്ട്.


