ബംഗളൂരു: ഉത്തര കന്നഡയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡയിലെ യെല്ലാപൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
ദേശീയപാത 52ലായിരുന്നു അപകടം. ധാർവാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. ധാർവാഡിൽ നിന്ന് ധർമസ്ഥലയിലേക്കും ചിക്കമംഗളൂരുവിലേക്കും യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതായാണ് റിപ്പോർട്ട്. അപകടത്തിൽ തകർന്ന വാഹനത്തിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ വാഹനം വെട്ടിപ്പൊളിക്കേണ്ടിവന്നു.
കാർ ഓടിച്ചിരുന്നത് സഞ്ജീവാണെന്നാണ് പൊലീസ് പറയുന്നത്. അമിത വേഗതയിലും അശ്രദ്ധമായുമാണ് വാഹനം സഞ്ചരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അങ്കോള ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




