പ്രയാഗ്‌രാജ്: ശൈശവ വിവാഹ നിരോധന നിയമം എല്ലാ മതങ്ങൾക്കും ബാധകമാണെന്ന് അലഹബാദ് ഹൈക്കോടതി. മതനിയമങ്ങൾ ചൂണ്ടിക്കാട്ടി ശൈശവ വിവാഹ നിരോധന നിയമത്തെ മറികടക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശരിയത്ത് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികളുടെ വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് അഞ്ജൽ സക്‌സേന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം.
വിവാഹപ്രായം എല്ലാ മതങ്ങളിലും ഒരുപോലെയാണെന്നും ശൈശവ വിവാഹ നിരോധന നിയമത്തിനും പോക്‌സോ നിയമത്തിനും വിരുദ്ധമായ നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ 16 വയസുള്ള മുസ്ലിം പെൺകുട്ടിയുടെ വിവാഹം തടയുന്നതിനായി പൊലീസ് എത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പൊലീസ് നടപടിയെ തടസപ്പെടുത്തിയ സംഭവത്തിൽ 19 പേർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ശരിയത്ത് നിയമപ്രകാരമുള്ള വിവാഹമാണ് നടത്താൻ തീരുമാനിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. മതനിയമങ്ങൾക്ക് ശൈശവ വിവാഹ നിരോധന നിയമത്തെ അസാധുവാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
1978ലെ നിയമപ്രകാരം സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 വയസും പുരുഷന്മാരുടേത് 21 വയസുമാണ്. സമാനമായ നിരീക്ഷണം നേരത്തെ കേരള ഹൈക്കോടതിയും നടത്തിയിരുന്നു.




