കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ക്ലോക്ക് ടവർ തകർന്ന സംഭവത്തിൽ ഗുരുതര അനാസ്ഥയെന്ന പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള നിർണായക മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നാണ് കണ്ടെത്തൽ.
നാല് മാസം മുമ്പ് തന്നെ കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് അപകടസാധ്യതയുള്ളതായി റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ അടിത്തറ വരെ ഏകദേശം രണ്ട് സെന്റിമീറ്റർ വീതിയിലുള്ള വിള്ളൽ കണ്ടെത്തിയിരുന്നു.
ക്ലോക്ക് ടവർ പൊളിച്ചുനീക്കാൻ റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നടപടികൾ വൈകിയെന്നാണ് ആരോപണം. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. ഏകദേശം 150 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.
അതേസമയം, തകർന്ന ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. കെട്ടിടം പൂർണമായി നീക്കം ചെയ്തതിന് ശേഷമേ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകൂ.
നിലവിൽ നിയന്ത്രണങ്ങളോടെയാണ് ട്രെയിൻ സർവീസുകൾ തുടരുന്നത്. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ നാലാം പ്ലാറ്റ്ഫോമിലൂടെയും തിരിച്ചുവിടുന്നുണ്ട്. കഴിഞ്ഞ രാത്രി കയറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ താഴെയിറക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.




