എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുത്ത് മെറ്റ. ഇതിന്റെ ഭാഗമായി കമ്പനി സ്വന്തമായി വികസിപ്പിച്ച എഐ ചിപ്പുകളുടെ ഉൽപ്പാദനം ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. കമ്പ്യൂട്ടിംഗ് ശേഷി 2027-ഓടെ 14 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
‘ഐറിസ്’ (Iris) എന്ന് രഹസ്യപ്പേരിട്ടിരിക്കുന്ന ഈ ഡാറ്റാ സെന്റർ ചിപ്പുകൾ മെറ്റയുടെ ‘മെറ്റ ട്രെയിനിങ് ആൻഡ് ഇൻഫറൻസ് ആക്സിലറേറ്റർ’ (MTIA) പ്രൊജക്റ്റിന്റെ ഭാഗമായാണ് നിർമിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ എ.ഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ ചിപ്പിന്റെ പരിശോധന വെറും ആറാഴ്ച കൊണ്ട് പൂർത്തിയായെന്നും വലിയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്രോഡ്‌കോമുമായും (Broadcom), തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിയുമായും (TSMC) സഹകരിച്ചാണ് മെറ്റ ഈ ചിപ്പ് ഒരുക്കുന്നത്. സാംസങ് ഇലക്ട്രോണിക്സ്, സാൻഡിസ്ക്, സുമിറ്റോമോ ഇലക്ട്രിക് തുടങ്ങിയ കമ്പനികളുമായും മെറ്റ ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
എൻവിഡിയ , എഎംഡി തുടങ്ങിയ ചിപ്പ് നിർമ്മാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, അതുവഴി ഭീമമായ കമ്പ്യൂട്ടിംഗ് ചിലവുകൾ നിയന്ത്രിക്കാനും ഈ നീക്കം കമ്പനിയെ സഹായിക്കും. 2027 വരെ ഓരോ ആറുമാസത്തിലും പുതിയ എ.ഐ ചിപ്പുകൾ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താൻ 2026-ൽ ഏഴ് ജിഗാവാട്ട് ശേഷിയിലെത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഈ വർഷം ആദ്യപകുതിയിൽ ഒരു ജിഗാവാട്ട് ശേഷി മെറ്റ വർധിപ്പിച്ചിട്ടുണ്ട്. അടുത്തപകുതിയിൽ 5.5 ജിഗാവാട്ട് ശേഷികൂടി കൂട്ടിച്ചേർക്കും. 2024 ഇത് ഇരട്ടിയാക്കി 14 ജിഗാവാട്ട് ആയി ഉയർത്തും. ഈ വർഷം എ.ഐ അടിസ്ഥാന സൗകര്യങ്ങൾക്കായി മാത്രം ഏകദേശം 145 ബില്യൺ ഡോളർ (14,500 കോടി ഡോളർ) ചെലവാക്കാനാണ് മെറ്റയുടെ തീരുമാനം. മറ്റ് ടെക് ഭീമന്മാരുമായി എ.ഐ രംഗത്ത് മത്സരിക്കാൻ സ്വന്തമായി ചിപ്പുകൾ നിർമ്മിക്കുന്നത് അനിവാര്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.


