കുവൈത്ത് സിറ്റി: രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടും ചാരിറ്റബിൾ കമ്മിറ്റിയുടെ പണവും തട്ടിയെടുത്ത് കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. പ്രതികൾക്ക് ഏഴ് വർഷം വീതം തടവും 34.63 ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 95 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജഡ്ജി അബ്ദുൾ വഹാബ് അൽ മുവൈലി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2002 മുതൽ 2006 വരെയുള്ള കാലയളവിൽ കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്ന കോടിക്കണക്കിന് രൂപ വ്യാജരേഖകൾ ചമച്ചും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയും പ്രതികൾ തട്ടിയെടുത്തെന്നാണ് കേസ്.
തട്ടിയെടുത്ത പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണമായി വെളുപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന് ശേഷം ഈജിപ്തിലേക്ക് കടന്ന പ്രതികളെ ഈജിപ്ഷ്യൻ സുരക്ഷാസേനയാണ് പിടികൂടിയത്.
തട്ടിയെടുത്ത തുകയുടെ മൂന്നിരട്ടി തുക പിഴയായും പ്രതികൾ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതേ കേസിൽ ഈജിപ്തിലെ കോടതിയും നേരത്തെ പ്രതികൾക്ക് തടവുശിക്ഷയും കനത്ത പിഴയും വിധിച്ചിരുന്നു.
ചാരിറ്റി ഫണ്ടുകളുടെ ദുരുപയോഗത്തിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമെതിരെ കർശന നിലപാടാണ് കുവൈത്ത് ജുഡീഷ്യറി സ്വീകരിക്കുന്നതെന്ന് ഈ വിധി വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.




