കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവറിന്റെ ഭാഗം തകർന്നുവീണ സംഭവത്തിൽ റെയിൽവേ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തിന്റെ കാരണങ്ങളും ഉത്തരവാദിത്വവും പരിശോധിക്കുക. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ടവറിന്റെ ഒരു ഭാഗം തകർന്നുവീണത്.
സംഭവത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. നാല് മാസം മുമ്പ് കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നുവെന്നും മൂന്ന് മാസം മുമ്പ് തന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. കെട്ടിടത്തിന്റെ അടിത്തറവരെ ഏകദേശം രണ്ട് സെന്റിമീറ്റർ വീതിയുള്ള വിള്ളൽ ഉണ്ടായിരുന്നതായും കണ്ടെത്തി.
തുടർന്ന് ക്ലോക്ക് ടവർ പൊളിച്ചുനീക്കാൻ റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്നാണ് കണ്ടെത്തൽ. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും അടിയന്തര നടപടി സ്വീകരിക്കാതിരുന്നതും അന്വേഷണവിധേയമാകും. ഏകദേശം 150 വർഷം പഴക്കമുള്ള കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്.
ഇതിനിടെ തകർന്ന ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടരുകയാണ്. സുരക്ഷ ഉറപ്പാക്കി ഘട്ടംഘട്ടമായാണ് കെട്ടിടം പൊളിച്ചുനീക്കുന്നത്. അവശിഷ്ടങ്ങൾ പൂർണമായും നീക്കിയ ശേഷമേ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകൂ.
രണ്ട്, മൂന്ന് നമ്പർ ട്രാക്കുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇന്നും നിരവധി ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. നിലവിൽ ഒന്നും നാലും നമ്പർ ട്രാക്കുകളിലൂടെയാണ് ട്രെയിൻ ഗതാഗതം തുടരുന്നത്.


