ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
രാജ്നഗറിലെ നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിന്റെ ബേസ്മെന്റിലാണ് ശനിയാഴ്ച പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയും മാതാപിതാക്കളും മാളിന് സമീപത്തെ താൽക്കാലിക ഷെഡിലായിരുന്നു താമസം. അവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായും തുടർന്ന് കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ടതാകാമെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
ചിപ്സും മിഠായിയും ശീതളപാനീയവും നൽകി കുട്ടിയെ പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ബേസ്മെന്റിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ തലയിലും മുഖത്തും ഗുരുതര പരിക്കുകളുണ്ടായിരുന്നു. കൈയും കാലും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പ്രിയശ്രീ പാൽ അറിയിച്ചു. സംശയമുള്ള ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. ഫൊറൻസിക് സംഘവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂവെന്നും പൊലീസ് അറിയിച്ചു.













