ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കെ, സ്വന്തം എണ്ണയും ചരക്കുകളും ഹോർമുസിലൂടെ തുടർച്ചയായി കടത്തിവിടുന്നുവെന്ന് ഇറാനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. മേഖലയിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാൻ ചരക്കുനീക്കം തുടരുകയാണെന്നാണ് വിലയിരുത്തൽ.
ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 9-10 തീയതികളിലെ രാത്രിയിൽ ഹോർമുസ് കടലിടുക്ക് കടന്നത് ആറ് വാണിജ്യ കപ്പലുകൾ മാത്രമാണ്. മുൻ ദിവസങ്ങളിൽ 18 മുതൽ 22 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസമാണ് ഗതാഗതത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
അതേസമയം, കപ്പലുകളുടെ സ്ഥാനം തിരിച്ചറിയുന്ന ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത് സഞ്ചരിക്കുന്ന ‘ഡാർക്ക് ട്രാൻസിറ്റ്’ യാത്രകളുടെ എണ്ണം ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഏകദേശം 40 ശതമാനവും ഇത്തരത്തിൽ സഞ്ചരിക്കുന്നവയാണ്. കഴിഞ്ഞ ആറു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹോർമുസിലൂടെ കടന്നുപോയ 101 കപ്പലുകളിൽ മൂന്നിലൊന്ന് ഇറാന്റെ തീരത്തോട് ചേർന്ന കപ്പൽപാതകളാണ് ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇറാനിലേക്ക് ചരക്കുകൾ എത്തിക്കുന്നതോ ഇറാനിയൻ എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് കൊണ്ടുപോകുന്നതോ ആയിരുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സംഘർഷം വീണ്ടും രൂക്ഷമായതോടെ ഇറാനെതിരായ ഉപരോധ ഇളവുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതത്തിന് നേരെ ആക്രമണമുണ്ടായാൽ ഇറാന്റെ കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.


