പത്തനംതിട്ട: ഗവിയിലേക്ക് പോയ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് കാടിനുള്ളിൽ തകരാറിലായി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസാണ് ഗവിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിൽ എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആയത്.
ബജറ്റ് ടൂറിസം ബസിലുണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക തകരാർ ഉടൻ പരിഹരിച്ചതോടെ യാത്ര വീണ്ടും ആരംഭിച്ചു. എയർ ലീക്കാണ് തകരാറിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് ബസിൽ 70ഓളം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ബസിന്റെ സീറ്റിംഗ് ശേഷി 35 പേരുടേതാണ്. ഇന്നുമുതൽ ഒരു ട്രിപ്പിൽ പരമാവധി 55 യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന തീരുമാനവും കെഎസ്ആർടിസി എടുത്തിട്ടുണ്ട്.
പ്രിയദർശിനി ബസിൽ അമിതമായി യാത്രക്കാരെ കയറ്റുന്നതിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഗവിയിലേക്കുള്ള വനപാതയിൽ അപകടകരമായ വളവുകളും മോശം റോഡുമാണ് ഉള്ളത്. പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ശൃംഖല ലഭിക്കാത്തതും യാത്രയെ കൂടുതൽ വെല്ലുവിളിയാക്കുന്നുണ്ട്.
ബസിൽ നിൽക്കാൻ പോലും ഇടമില്ലെന്നാണ് സ്ഥിരം യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ഗവിയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. രാവിലെ 5.30നും 6.30നും ബസുകൾ പുറപ്പെടുന്നു.


