തിരുവനന്തപുരം: അർജന്റീനയെ പരിഹസിച്ച് കേരള പൊലീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വ്യക്തിപരമായ താൽപര്യങ്ങൾക്ക് ഉപയോഗിച്ചെന്നും അർജന്റീന പോലുള്ള മുൻനിര ടീമിനെ മോശമായി ചിത്രീകരിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പോസ്റ്റിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
‘കേരള ജനതയ്ക്കൊപ്പം’ എന്ന സന്ദേശത്തോടെയായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്. അർജന്റീന നായകൻ ലയണൽ മെസിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന റഫറിയുടെ ചിത്രവും കേരള ജനതയെ ചേർത്തുപിടിക്കുന്ന പൊലീസിന്റെ ചിത്രവും ചേർത്താണ് പോസ്റ്റർ തയ്യാറാക്കിയത്. ‘ഒപ്പമുണ്ട്’ എന്നായിരുന്നു പോസ്റ്റിലെ വാചകം. സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനവും ചർച്ചയും ഉയർന്നതോടെ കേരള പൊലീസ് പോസ്റ്റ് പിൻവലിച്ചു.
ലോകകപ്പ് ഫുട്ബോളിൽ റഫറി അർജന്റീനയ്ക്ക് അനുകൂലമായി തീരുമാനങ്ങൾ എടുത്തെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു കേരള പൊലീസിന്റെ ഈ പോസ്റ്റ്. ഈജിപ്തിനെതിരായ മത്സരത്തിന് പിന്നാലെയാണ് വിവാദം കൂടുതൽ ശക്തമായത്.




