പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമം. ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ് മർദ്ദിക്കാൻ ശ്രമിച്ചത് . മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞ് രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു.
രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. രാജൻ ജോസഫിനെതിരെ പരാതി നൽകിയ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും സ്റ്റേഷനിലെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രാജൻ ജോസഫിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നാണ് അടൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെ വിമർശിച്ചുള്ള വീഡിയോയാണ് രാജൻ ജോസഫ് പ്രചരിപ്പിച്ചതെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




