ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് തൂങ്ങിമരിച്ചത്.
സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരിഷ്മ (22) രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്ന ഹരിഷ്മയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സനുക്കുട്ടൻ.
ബെംഗളൂരുവിലെത്തി മറ്റൊരു വിമാനത്തിൽ കേരളത്തിലേക്ക് എത്തുമെന്ന് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.
തുടർന്ന് ബെംഗളൂരുവിലെ മലയാളി അസോസിയേഷന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒരു ലോഡ്ജിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിൽ നിന്ന് വിവരം ലഭിച്ചത്. പിന്നീട് മരിച്ചത് സനുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞു.
നാല് മാസം മുമ്പായിരുന്നു സനുക്കുട്ടന്റെയും ഹരിഷ്മയുടെയും വിവാഹം. ഒരു മാസം മുമ്പാണ് സനുക്കുട്ടൻ ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോയത്. സംഭവത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)




