മലപ്പുറം: മലപ്പുറം വണ്ടൂരിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസും (റിയാസ്), സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദും അറസ്റ്റിലായത്.
നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടിൽ വണ്ടൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തുമ്പോൾ പ്രതികൾ 2.55 ഗ്രാം എംഡിഎംഎ ചെറിയ പായ്ക്കറ്റുകളിലാക്കുകയായിരുന്നു. ആയിരം രൂപ വിലവരുന്ന ചെറിയ പായ്ക്കറ്റുകളാക്കി മലയോര മേഖലയിൽ വിൽപന നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 8,000 രൂപ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
മുമ്പും എംഡിഎംഎ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള റിയാസിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലയിലെ രാസലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ ഇരുവരുമെന്നും എംഡിഎംഎ എത്തിച്ച ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. ലഹരിക്കെതിരായ പരിശോധനകൾ മേഖലയിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.













