തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. സ്ത്രീധനം ആവശ്യപ്പെട്ടും ജാതി പറഞ്ഞും മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ആരോപണം.
ഭർത്താവ് വിഷ്ണുവിന്റെ അമ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, വിഷ്ണു അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നതെന്നും കാവ്യയുടെ അമ്മ ആരോപിച്ചു. സംഭവദിവസം ചിക്കൻ കറി കൂടുതൽ കഴിച്ചതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്കുണ്ടായെന്നും കാവ്യ കുളിമുറിയിൽ കയറി ഇക്കാര്യം ഫോണിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നും അമ്മ പറഞ്ഞു. വിവാഹം കഴിഞ്ഞത് മുതൽ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പല ദിവസങ്ങളിലും കാവ്യയെ ഭക്ഷണം പോലും നൽകാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.
കാവ്യയും ഭർത്താവും മക്കളുമൊത്ത് നേരത്തെ നാടുവിട്ടുപോയിരുന്നുവെന്ന് സഹോദരൻ ശ്യാം പറഞ്ഞു. ഭർത്താവിന്റെ അമ്മയുടെ പീഡനം കാരണമാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും ശ്യാം പറഞ്ഞു.
ശ്രീകാര്യം സ്വദേശിയായ കാവ്യ (30) യെയാണ് ഭർത്താവ് വിഷ്ണുവിന്റെ വിളവൂർക്കൽ തെങ്ങത്താങ്കോട് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ട് വർഷം മുൻപാണ് കാവ്യയും വിഷ്ണുവും വിവാഹിതരായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നേരത്തെ മക്കളുമായി ഇരുവരും നാടുവിട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



