തൃശൂർ: വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് . തൃശൂർ കളക്ടറേറ്റിൽ നടന്ന കെഎസ്ഇബി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി തടസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കൃത്യസമയത്ത് അറിയിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും, പരാതികളുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫോൺ കോളുകൾക്ക് മറുപടി നൽകാത്ത സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി ഉത്പാദനം, വിതരണം, പ്രസരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ മണ്ഡലതല സമിതികൾ കൂടുതൽ സജീവമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപന പ്രതിനിധികളെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ നടത്താൻ എംഎൽഎമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ പദ്ധതികൾക്ക് അനുമതി നൽകുന്നതിൽ ട്രാൻസ്ഫോർമറുകളുടെ കുറവ് തടസ്സമാകുന്നുവെന്ന പരാതി യോഗത്തിൽ ഉയർന്നു. ഇതിന് മറുപടിയായി ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും അവ ആറുമാസത്തിനകം സ്ഥാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇതോടെ സോളാർ കണക്ഷനുകൾ നൽകാനുള്ള ശേഷി വർധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
മലക്കപ്പാറയിലെ രൂക്ഷമായ വൈദ്യുതി പ്രശ്നങ്ങൾക്കും യോഗത്തിൽ പ്രത്യേക പരിഗണന ലഭിച്ചു. അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജണൽ ഓഫീസ് സ്ഥാപിച്ചാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം ആവശ്യമായ പദ്ധതികളിലെ തടസ്സങ്ങൾ നീക്കുന്നതിനായി ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്നും മന്ത്രി നിർദേശിച്ചു.


