കൊച്ചി: മൂവാറ്റുപുഴയിലെ വ്യാജ കള്ള് വിൽപ്പന ആരോപണത്തിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എക്സൈസ് കമ്മീഷണർക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. എക്സൈസ് വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുക.
വ്യാജരേഖകൾ ഉപയോഗിച്ച് കള്ള് വിൽപ്പനയ്ക്ക് ലൈസൻസ് നേടിയെന്ന ആരോപണത്തിലാണ് പരിശോധന. വ്യാജ കള്ള് ഷാപ്പുകൾക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് മതിയായ പരിശോധനകൾ നടന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
മൂവാറ്റുപുഴ റേഞ്ചിൽ മാത്രം മരിച്ചവരുടെ പേരിൽ ഉൾപ്പെടെ സമ്മതപത്രങ്ങൾ സമർപ്പിച്ച് നിരവധി കള്ള് ഷാപ്പുകൾക്ക് ലൈസൻസ് ലഭിച്ചതായാണ് ആരോപണം. കള്ള് ചെത്തുന്നതായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ പലതിലും ഒരു പന പോലും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വ്യാജ രേഖകൾ സമർപ്പിച്ചിട്ടും ലൈസൻസ് അനുവദിച്ചതിൽ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയിലാണ്.
കള്ളിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് എക്സൈസ് വകുപ്പിന്റെ നിർദേശം. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് നടപടി.
അതേസമയം, വ്യാജ കള്ള് ഉത്പാദനവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ശുദ്ധി പരിശോധനകൾ തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 8806 കള്ളുഷാപ്പുകളിൽ പരിശോധന നടത്തി. പിടിച്ചെടുത്ത കള്ളിൽ നിന്ന് 1724 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ പരിശോധന നടന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 1287 ഷാപ്പുകളിൽ പരിശോധന നടത്തി 105 സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ 1851 കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളും എക്സൈസ് സംഘം പരിശോധിച്ചു. വ്യാജ കള്ള് നിർമാണവും വിതരണവും തടയാൻ പരിശോധനകൾ ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.











