Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

E20 പെട്രോൾ; മൈലേജ് കുറയുന്നതിന് തെളിവുണ്ടോയെന്ന് കേന്ദ്രം, ബൈക്കുകൾക്ക് പണി കിട്ടുമോ? മെക്കാനിക്കുകളും വാഹന നിർമ്മാതാക്കളും പറയുന്നത് ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

E20 പെട്രോൾ നിങ്ങളുടെ ബൈക്കിനെ കേടുവരുത്തുമോ? ഇത് മൂലം വാഹനങ്ങളുടെ മൈലേജിൽ കുറവ് വരുമോ? കുറച്ച് മാസങ്ങളായി ഇന്ത്യൻ വാഹനലോകത്ത് ഏറ്റവുമധികം ചർച്ചയായിരിക്കുന്ന വിഷയമാണിത്. ഇതിന്റെ പേരിൽ പലപ്പോഴും കേന്ദ്രവും ജനങ്ങളും നേരിട്ട് ഏറ്റുമുട്ടുന്ന സന്ദർഭങ്ങളുമുണ്ടായി. എഥനോൾ കലർന്ന പെട്രോൾ അടിച്ചതോടെ വണ്ടിയുടെ മൈലേജ് വലിയ രീതിയിൽ കുറഞ്ഞെന്നും ടാങ്ക് കേടായെന്നും പറഞ്ഞ് ധാരാളം ആളുകളാണ് പരാതിയുമായി സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തിയത്? ഇതിലെല്ലാം എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ? എന്താണ് വിഷയത്തിൽ കേന്ദ്രവും രാജ്യത്തെ പ്രമുഖ വാ​ഹന നിർമ്മാതാക്കളും പറയുന്നത്?

E20 പെട്രോളുമായി ബന്ധപ്പെട്ടൊരു ആശങ്കയക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, വാഹന നിർമ്മാതാക്കളായ ബജാജ്. പൾസർ, ഡൊമിനാർ, പ്ലാറ്റിന എന്നിവയുൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ തങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ച എല്ലാ മോട്ടോർസൈക്കിളുകളും E20 ഇന്ധനവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നവയാണെന്നാണ് ബജാജ് ഓട്ടോ വ്യക്തമാക്കുന്നത്.

പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ്ജക്ഷമത കുറവായതിനാൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജില്‍ നേരിയ കുറവുണ്ടായേക്കാമെന്ന് ബജാജ് സമ്മതിക്കുന്നുണ്ട്. എന്നാൽ ഇത് വളരെ നിസ്സാരമായ വ്യത്യാസം മാത്രമായിരിക്കുമെന്നും ബൈക്ക് യാത്രക്കാരുടെ ബഡ്ജറ്റിനെ ബാധിക്കുന്ന തരത്തിലുള്ള വലിയൊരു മാറ്റം ഇതിലൂടെ ഉണ്ടാകില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നത് മൂലം ഇനി എഞ്ചിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ പോലും വാഹനത്തിന്റെ വാറന്റി കവറേജ് പൂർണ്ണമായും നിലനിൽക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ദിവസേന E20 പെട്രോൾ ഉപയോഗിക്കുന്നത് ബൈക്കുകളുടെ വാറന്റി റദ്ദാക്കാൻ കാരണമാകുമോ എന്ന് ഭയപ്പെട്ടിരുന്ന ബൈക്ക് പ്രേമികൾക്ക് വലിയ ആശ്വാസ നൽകുന്നതാണ് ബജാജിന്റെ ഈ പ്രഖ്യാപനം. മറ്റ് വാഹന നിർമ്മാതാക്കളും വിഷയത്തിൽ സമാനമായ വിശദീകരണം നൽകിയാൽ ഒരു പരിധി വരെ ജനങ്ങളുടെ ആശങ്ക കുറയ്ക്കാൻ അത് സഹായിക്കും.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിർമ്മിച്ച ഒരു ബജാജ് ബൈക്കിലും E20 ഇന്ധനം ഉപയോഗിക്കുന്നതിനായി പ്രത്യേകം റെട്രോഫിറ്റ് കിറ്റുകളോ മറ്റ് സാങ്കേതിക മാറ്റങ്ങളോ വരുത്തേണ്ടതില്ലെന്നും, ഇതിനായി ഡീലർമാരെ കാണേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. 27 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്ന ബ്രസീൽ പോലുള്ള അന്താരാഷ്ട്ര വിപണികളിലെ തങ്ങളുടെ ദീർഘകാല പ്രവർത്തന പരിചയവും, സ്വന്തം റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മികവുമാണ് ഇത്തരം എഞ്ചിനുകൾ രൂപകൽപ്പന ചെയ്യാൻ സഹായിച്ചതെന്ന് ബജാജ് അവകാശപ്പെടുന്നു. എഥനോളിന്റെ ഉയർന്ന അളവ് താങ്ങാൻ ശേഷിയുള്ള ഘടകങ്ങളാണ് ഈ ബൈക്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം വാഹനങ്ങളുടെ മൈലേജ് കുറയുന്നതിന് ഇന്ധനം മാത്രമല്ല കാരണമെന്നും ടയർ പ്രഷർ, ഓടിക്കുന്ന രീതി , ട്രാഫിക് ബ്ലോക്കുകൾ, കൃത്യമായ സർവീസ് ചെയ്യൽ എന്നിവയും മൈലേജിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും അതിനാൽ മൈലേജിൽ ഉണ്ടാകുന്ന ഏതൊരു കുറവും എഥനോൾ കൊണ്ട് മാത്രമാണെന്ന് കരുതേണ്ടതില്ലെന്ന മുൻകൂർ ജാമ്യവും ബജാജ് എടുക്കുന്നുണ്ട്.

E20 പെട്രോളിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്നതിനിടെ ഇ20 ഇന്ധനത്തെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വീണ്ടും രം​ഗത്തെത്തിയിട്ടുണ്ട്. ഒരു സാധാരണ കാർ ഉടമയ്ക്ക് വാഹനത്തിന്റെ മൈലേജ് കൃത്യമായി കണക്കാക്കാൻ സാധിക്കില്ലെന്നും അത് അംഗീകൃത ഡീലർഷിപ്പുകൾ നടത്തുന്ന ടെസ്റ്റുകളിലൂടെ മാത്രമേ അളക്കാൻ സാധിക്കൂവെന്നുമാണ് ഗഡ്കരിയുടെ വാദം. അതിനാൽ വിഷയത്തിൽ ജനങ്ങൾ പറയുന്ന വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ല എന്നാണ് ​ഗഡ്കരി പറയുന്നത്.

ഇ20 പെട്രോളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ഇന്ധനക്ഷമത കുറയുമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ ഈ വാദം. ഇ20 പെട്രോൾ ഉപയോഗിക്കുന്നതുവഴി ചില വാഹനങ്ങളുടെ മൈലേജിൽ മൂന്നു മുതൽ അഞ്ചു ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയത്. അതായത്, 15 km/l ലഭിച്ചിരുന്ന വാഹനത്തിൽ 13.5 – 14.5 km/l വരെ മൈലേജ് പ്രതീക്ഷിക്കാം. അതേസമയം, ഇന്ധന മിശ്രണം വഴി വാഹനങ്ങൾക്ക് തകരാറുകളുണ്ടാകില്ല. അസാധാരണമായ തേയ്മാനത്തിനും ഇതു കാരണമാകില്ല. ഉയർന്ന ഒക്ടേൻ റേറ്റിങ് ഉള്ള ഇന്ധനമാണ് ഇ 20. അതുകൊണ്ടുതന്നെ എൻജിനിൽനിന്ന് പൊട്ടൽ ശബ്ദങ്ങൾ പോലുള്ള സാഹചര്യവും ഉണ്ടാകില്ലെന്നും മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിലുണ്ട്.

പഴയ വാഹനങ്ങളിൽ ഇ 20 ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് തന്നെയാണ് കേന്ദ്രം ഉറപ്പിച്ച് പറയുന്നത്. എൻജിന്റെ കാര്യക്ഷമത, ഇന്ധന സംവിധാനം, വാഹനഘടകങ്ങളുടെ സുരക്ഷ, തുരുമ്പിനെ പ്രതിരോധിക്കൽ, മലിനീകരണം, എന്നിവയെല്ലാം രാജ്യവ്യാപകമായി പരിശോധിച്ചുകൊണ്ടാണ് ഇ 20 ഉപയോഗിക്കാൻ തുടങ്ങിയത്. വർഷങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് പെട്രോളിൽ എഥനോൾ ചേർക്കാനുള്ള തീരുമാനമുണ്ടായത്. തിടുക്കപ്പെട്ട് നടപ്പാക്കിയ ഒന്നല്ല ഇതെന്നും മന്ത്രാലയം അറിയിച്ചു.

“വാഹനത്തിലെ എല്ലാ തകരാറുകളും എഥനോൾ കാരണമാണെന്ന് ഉപഭോക്താക്കളോട് പറയുന്നവർക്ക് അതിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ടാണ്. വണ്ടിക്ക് എന്തെങ്കിലും തകരാർ വന്നാൽ അവർ അത് എഥനോളിന്റെ തലയിൽ ഇടുന്നു, കാരണം കസ്റ്റമർ ഇതിനകം തന്നെ ദേഷ്യത്തിലാണ്, അതുകൊണ്ട് അവർ അത് പെട്ടെന്ന് വിശ്വസിക്കുകയും പണം നൽകുകയും ചെയ്യും എന്നാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌ക്രാപ്പ് യാർഡായി കണക്കാക്കപ്പെടുന്ന ഡൽഹി മായാപുരിയിലെ മെക്കാനിക്കുകൾ പറയുന്നത്.

പക്ഷേ മൈലേജ് ചെറുതായി കുറയുന്നുണ്ട് എന്ന് അവരും സമ്മതിക്കുന്നു. അത്തരം കംപ്ലയിന്റുകൾ ധാരാളം വരുന്നുണ്ട്. എന്നാൽ അതെല്ലാം എഥനോൾ മൂലമാണെന്ന് കരുതനാവില്ലെന്നാണ് ഇവർ അടക്കമുള്ള മെക്കാനിക്കുകൾ പറയുന്നത്. E20 പെട്രോൾ ഏറ്റവും ആദ്യം ഉപയോ​ഗിച്ച് തുടങ്ങിയ സ്ഥലങ്ങളിലൊന്നാണ് ഡൽഹി.

വാഹനം ഉപയോഗിക്കാതെ ദീർഘനാൾ ഇട്ടിരുന്നാൽ, ഇന്റേണൽ കംബഷൻ എഞ്ചിൻ വാഹനങ്ങളിൽ, പ്രത്യേകിച്ച് പഴയ മോഡലുകളിൽ E20 ഇന്ധനം നിറയ്ക്കുന്നത് ചില ഭാഗങ്ങൾ തുരുമ്പെടുക്കാൻ കാരണമായേക്കാമെന്ന് ചില മെക്കാനിക്കുകൾ കരുതുന്നു. ഇനി എഥനോൾ ഒരു പ്രശ്നവും ഇന്ധന ക്ഷമതയ്ക്കും എഞ്ചിനും ഉണ്ടാക്കുന്നില്ലേ എന്ന് ചോദിച്ചാൽ, ചെറിയ രീതിയിൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എഥനോളിന്റെ ഊർജ്ജ സാന്ദ്രത പെട്രോളിനേക്കാൾ കുറവായതാണ് ഇതിന് കാരണം. ഇതുകൊണ്ട് എഞ്ചിൻ കേടാകില്ല.

ഇ20 പെട്രോളിൽ 20% എഥനോളും 80% പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്. മൈലേജ് അല്പം കുറയുമെങ്കിലും, എഥനോൾ ചേർത്ത ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ള ഈ ഇന്ധനം വാഹനത്തിന്റെ ആക്‌സിലറേഷൻ മികച്ചതാക്കാനും, എഞ്ചിൻ നോക്കിങ് കുറയ്ക്കാനും സഹായിക്കുന്നു. വാഹനങ്ങളുടെ സുരക്ഷയാണ് മറ്റൊരു വിഷയം. ബി.എസ് 6 (BS6) നിലവാരമുള്ള എല്ലാ വാഹനങ്ങൾക്കും ഇ20 ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമാണ്. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് സംശയമുണ്ടെങ്കിൽ അംഗീകൃത സർവീസ് സെന്ററുകളുമായി ബന്ധപ്പെടാം. ഇത് പുതിയൊരു യു​ഗത്തിന്റെ തുടക്കമാണ്. അതിനാൽ പ്രശ്നങ്ങളും സ്വാഭാവികമാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഒരുവിധം എല്ലാ വാഹന എഞ്ചിനുകളും എഥനോൾ ഉപയോ​ഗിക്കുന്ന രീതിയിലേക്ക് മാറും. അതോടെ ഇത്തരം ആശങ്കകൾക്കും ശാശ്വത പരിഹാരമാകുമെന്നും വിശ്വസിക്കാം.

Advertisement
WhiteswanTV Footer