പത്തനംതിട്ട: തിരുവല്ല സ്വദേശിയും കേരള പൊലീസിന്റെ സഹായിയുമായ സോമൻ ഗുരുതര അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർഥിച്ച് കുടുംബം രംഗത്തെത്തി.
ഇലന്തൂർ നരബലി കേസ് ഉൾപ്പെടെ നിരവധി നിർണായക കേസുകളിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസിനെ സഹായിച്ചയാളാണ് സോമൻ. അഴുകിയതും പുഴുവരിച്ചതുമായ മൃതദേഹങ്ങൾ പോലും പുറത്തെടുക്കുന്ന ദുഷ്കരമായ ജോലിയാണ് വർഷങ്ങളായി അദ്ദേഹം ചെയ്തുവരുന്നത്.
കഴിഞ്ഞ ജൂൺ 2-ന് പത്തനംതിട്ട ചന്ദപ്പള്ളിയിൽ പുഴുവരിച്ച മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറച്ചതാണ് ഗുരുതര അണുബാധയ്ക്ക് കാരണമായത്. തുടർന്ന് ആരോഗ്യനില വഷളാവുകയും ഇതിനകം നാല് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.
സോമന്റെ ദുരവസ്ഥ മനസ്സിലാക്കി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഒന്നേകാൽ ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു. മറ്റ് സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ തുടർചികിത്സയ്ക്കും ആശുപത്രിച്ചെലവുകൾക്കും കൂടുതൽ തുക ആവശ്യമായതിനാൽ സഹായം തേടുകയാണ് നിർധന കുടുംബം.




