പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാക്കാൻ നീക്കം. വഴിപാട് ടിക്കറ്റ്, ഭണ്ഡാരം, മുറി ബുക്കിങ് തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനാണ് ബോർഡിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി 17 ബാങ്കുകളുമായി ചർച്ച നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം ഭക്തരുടെ സേവനാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കാർബൺ കോപ്പി ഉപയോഗിച്ച് രസീത് നൽകുന്ന രീതിയിൽ നിന്ന് മാറി സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാണ് ശ്രമം. വഴിപാട് ടിക്കറ്റ്, അക്കൗണ്ടിങ് സംവിധാനങ്ങൾ ഉൾപ്പെടെ കാലാനുസൃതമായി നവീകരിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു.
ഡിജിറ്റൽ പണമിടപാടുകൾ ഒഴിവാക്കി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രധാനമായും ശബരിമലയിലാണ് പദ്ധതി ആദ്യം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീർഥാടന സീസണിൽ തന്നെ ശബരിമലയിൽ സംവിധാനം ആരംഭിക്കാനാണ് ശ്രമം. പദ്ധതി വിജയകരമായാൽ മറ്റ് ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കും.
ശബരിമലയിലെ സാധനസാമഗ്രികളുടെ വാങ്ങൽ ഉൾപ്പെടെയുള്ള ഇടപാടുകളും ഡിജിറ്റലാക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചു. തന്ത്രി കണ്ഠരര് രാജീവര് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഭിമുഖത്തിലും തന്ത്രി പദവിയിലും തുടരാൻ കഴിയില്ലെന്നും പകരം മകനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
കത്ത് തള്ളിക്കളയാൻ കഴിയാത്തതിനാൽ വിഷയം പരിശോധിച്ചതായി കെ. ജയകുമാർ പറഞ്ഞു. ചിങ്ങ മാസത്തിൽ പുതിയ തന്ത്രി ഉണ്ടാകേണ്ട സാഹചര്യമാണെന്നും സാധാരണ നിലയിൽ കത്ത് അംഗീകരിച്ചാൽ മതിയെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ സ്പെഷ്യൽ കമ്മീഷണർ വഴി കോടതിയെ അറിയിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള കേസിലെ കുറ്റാരോപിതനാണ് തന്ത്രി കണ്ഠരര് രാജീവരെന്നതിനാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ നടപടി സ്വീകരിക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലാണ് ബോർഡിന്റെ തീരുമാനം. ഒരു മാസത്തിനകം കോടതിയുടെ നിർദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. ജയകുമാർ അറിയിച്ചു.












