കണ്ണൂർ: ചികിത്സാപ്പിഴവ് ആരോപിച്ച് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ തർക്കം. ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടുത്തിയ ഏഴ് അംഗങ്ങളിൽ മൂന്ന് പേരെ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് അനാവശ്യമായി കൂടുതൽ ആളുകളെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ പറഞ്ഞു. നിയമപരമായ നടപടികളിൽ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്ത അഞ്ച് പേരിൽ മൂന്ന് ഡോക്ടർമാരും ചികിത്സാപ്പിഴവ് ഉണ്ടായതായി അഭിപ്രായപ്പെട്ടതായാണ് വിവരം. ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ലഭിച്ച രേഖകൾ പരിശോധിച്ചപ്പോൾ വീഴ്ച വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, കേസിൽ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതായി കുടുംബം ആരോപിച്ചു. മെഡിക്കൽ ബോർഡിലെ ഇടപെടലുകൾ ഇതിന്റെ സൂചനയാണെന്നും കുടുംബം പറഞ്ഞു. നീതിയുക്തമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.


