കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ചുള്ള അവയവക്കച്ചവടക്കേസിൽ മുഖ്യപ്രതിയുമായി ആശുപത്രി കമ്മീഷൻ അടിസ്ഥാനത്തിൽ കരാർ ഒപ്പുവെച്ചതിന്റെ രേഖകൾ പുറത്തുവന്നു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കൽ ടൂറിസും തമ്മിൽ ഒപ്പുവെച്ച കരാർ രേഖകളാണ് പുറത്തായത്.
കരാർ പ്രകാരം ആശുപത്രിയിലെ ചികിത്സാ സേവനങ്ങളിലേക്ക് രോഗികളെ എത്തിക്കുന്ന ‘പേഷ്യന്റ് ഫെസിലിറ്റേറ്റർ’ എന്ന നിലയിലാണ് കല്ലട്രാസ് മെഡിക്കൽ ടൂറിസിനെ നിയോഗിച്ചിരുന്നത്. രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്നതിന് വിവിധ നിരക്കുകളിൽ കമ്മീഷൻ നൽകുമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിക്കുന്ന ഓരോ രോഗിക്കും ഒരു ലക്ഷം രൂപയും, വൃക്ക മാറ്റിവെക്കലിനായി എത്തിക്കുന്ന ഓരോ രോഗിക്കും 50,000 രൂപയും നൽകുമെന്ന് കരാറിൽ വ്യക്തമാക്കുന്നു. മറ്റ് കിടത്തി ചികിത്സകൾക്കായി എത്തിക്കുന്ന രോഗികളുടെ ചികിത്സാ ബില്ലിന്റെ 10 ശതമാനം കമ്മീഷനായി നൽകുമെന്നും രേഖയിൽ പറയുന്നു.
2025 ഒക്ടോബർ 10-നാണ് ലേക്ഷോർ ആശുപത്രിയും കല്ലട്രാസ് മെഡിക്കൽ ടൂറിസും തമ്മിൽ കരാർ ഒപ്പുവെച്ചതെന്നാണ് പുറത്തുവന്ന രേഖകളിൽ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കരാർ രേഖകളും പരിശോധിച്ചുവരികയാണ്.











