തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപത്തായിരുന്നു സംഭവം. സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വർണം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് സനോജ് ഉൾപ്പെടെയുള്ള സംഘം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രതികൾ നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുമ്പോഴാണ് പൊലീസ് പിന്തുടർന്നത്.
കേസിലെ മുഖ്യപ്രതി ശ്രീജിത്തിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


