കണ്ണൂർ: കോഴിക്കോട്–മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മാടായി സ്വദേശിയായ വിജു (37) ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്–മംഗലാപുരം ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ സീറ്റിൽ വെച്ചിരുന്ന കവറോടെയാണ് വിജു തട്ടിയെടുത്തത്. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയതോടെ കവർ കൈക്കലാക്കിയ പ്രതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പൊലീസിലും ഉടൻ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് റെയിൽവേ സ്റ്റേഷൻ പരിസരത്താണെന്ന് കണ്ടെത്തി. മോഷ്ടാവ് കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന യാത്രക്കാരന്റെ മൊഴിയും അന്വേഷണത്തിന് സഹായകമായി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രാത്രി ഏഴരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വിജുവിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ അറസ്റ്റിലാകുമ്പോൾ ഫോൺ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. പിടിയിലാകാതിരിക്കാൻ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിന് സമീപം ഫോൺ ഒളിപ്പിച്ചുവെച്ചിരുന്നതായും പിന്നീട് നടത്തിയ പരിശോധനയിൽ പൊലീസ് അത് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.











