കൊച്ചി: ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഒ.ജി. ബിജുവിന് പകരം പി.എസ്. ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. 2026–27 കാലയളവിലേക്കുള്ള നിയമനത്തിനാണ് കോടതി അംഗീകാരം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായുള്ള മുൻ സേവനകാലയളവിൽ പി.എസ്. ശാന്തകുമാറിനെതിരെ പ്രതികൂലമായ വിജിലൻസ് റിപ്പോർട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിന്റെ അപേക്ഷ കോടതി അംഗീകരിച്ചത്.
ശബരിമലയിൽ ഉന്നത ഉദ്യോഗസ്ഥർ ദീർഘകാലം തുടരുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒ.ജി. ബിജുവും എസ്. ശ്രീനിവാസും വിവിധ തസ്തികകളിൽ തുടർച്ചയായി ശബരിമലയിൽ സേവനം അനുഷ്ഠിച്ചതിനെക്കുറിച്ച് ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് ഒ.ജി. ബിജുവിന് ദേവസ്വം ബോർഡ് പുനർനിയമനം നൽകിയതെന്ന വിഷയവും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. അഷ്ടാഭിഷേകവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബെഞ്ച് സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു.
ആടിയശിഷ്ടം നെയ്യ്, അഷ്ടാഭിഷേക ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഒ.ജി. ബിജുവിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. ശബരിമലയിൽ തുടരാൻ താൽപര്യമില്ലെന്ന ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അറിയിപ്പിനെ തുടർന്നാണ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയത്.














