അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ക്ഷേത്രദർശനത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശി രമേശ് (23) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന മണിക്കൂറുകൾക്കകം ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതികൾ പിടിയിലായത്.
ഹോസൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രമേശ് രണ്ട് വർഷം മുമ്പാണ് ഹാസിനി (19)യെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു കുഞ്ഞുമകളുണ്ട്. എന്നാൽ ഹാസിനി ബാല്യകാല സുഹൃത്തായ യുഗന്ധറുമായി പ്രണയത്തിലായിരുന്നെന്നും, രമേശിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായും പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിൽ പോകാമെന്ന് ആവശ്യപ്പെട്ട് ഹാസിനിയാണ് രമേശിനെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയത്. യാത്രയ്ക്കിടെ മൊബൈൽ ഫോണിലൂടെ തത്സമയ ലൊക്കേഷൻ യുഗന്ധറിന് കൈമാറി ഇവരുടെ നീക്കങ്ങൾ അറിയിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മലയോരപാതയിലെ ഒരു ഹെയർപിൻ വളവിൽ എത്തിയപ്പോൾ ഹാസിനി മനപ്പൂർവം ബാഗ് താഴെയിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ ഉടൻ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച രമേശിനെ പിന്തുടർന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് ദമ്പതികളുടെ കുഞ്ഞും സമീപത്തുണ്ടായിരുന്നു.
ഭർത്താവിനെയും മകളെയും കാണാതായതായി ഹാസിനിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളിൽ, രമേശിനൊപ്പം പോയ ഹാസിനി പിന്നീട് മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം രമേശിന്റെ ബൈക്കിൽ മടങ്ങിവരുന്നത് കണ്ടെത്തി. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചാണ് മൃതദേഹവും പ്രതികളെയും കണ്ടെത്തിയത്.
ഭാര്യ ഹാസിനി, കാമുകൻ യുഗന്ധർ, ഇവരെ സഹായിച്ച മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. അതേസമയം, വിവാഹസമയത്ത് ഹാസിനി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയായിരുന്നുവെന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചാൽ ബാലവിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


