തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കുള്ളിൽ പരാതികൾ ശക്തമാകുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ വിവിധ ജില്ലകളിൽ നിന്ന് പരാതികൾ എത്തിയതായാണ് വിവരം. കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത്.
കോഴിക്കോട് ജില്ലയിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് ഉയരുന്നത്. ഈ തുക തിരിച്ചടയ്ക്കാൻ ബന്ധപ്പെട്ട സ്ഥാനാർഥിക്കും മണ്ഡലം ഭാരവാഹിക്കും നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
എറണാകുളത്ത് സ്ഥാനാർഥികളാക്കിയ താരങ്ങൾക്ക് വാഗ്ദാനം ചെയ്ത തുക മുഴുവൻ നൽകിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. താര സ്ഥാനാർഥികൾക്കായി അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടില്ലെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.
തൃശൂരിൽ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തിരുന്ന ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായാണ് വിവരം. കൂടാതെ, പാർട്ടി ഫണ്ടിൽ നിന്ന് ചില നേതാക്കൾ വ്യക്തിഗത വായ്പകൾ തിരിച്ചടച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
20-20 സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്ന പരാതിയും ചില സ്ഥാനാർഥികൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് പാർട്ടിക്കുള്ളിൽ തന്നെ വ്യാപകമായ ചർച്ചകൾ നടക്കുകയാണ്.
ഇതിനിടെ, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ബിജെപി ആഭ്യന്തര അന്വേഷണം നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. മണ്ഡലം അടിസ്ഥാനത്തിൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്താനാണ് നീക്കം. മുമ്പ് ഫണ്ടിന് മണ്ഡലം മുതൽ കേന്ദ്രതലം വരെ ഓഡിറ്റ് നടത്തിയെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം. എന്നാൽ പിന്നീട് വ്യാജ ബില്ലുകൾ, വാഹന വാടക, കൊടി വാങ്ങൽ, ഹോട്ടൽ ബില്ലുകൾ, ഹെലികോപ്റ്റർ വാടക എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ശക്തമാകുകയാണ്.



