കോഴിക്കോട്: വടകരയിലെ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സ്വദേശികളായ റിസ്വാൻ, അഭിനവ്, ഷമിൽ, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് നടപടി.
ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് അഭിജിത്തിനെയും സുഹൃത്തുക്കളെയും ഒരു സംഘം മർദിച്ചുവെന്നാണ് പരാതി. അഭിജിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വീട്ടിൽ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിന്റെ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ഒരു ദിവസം മുമ്പ് ചിലർ മർദിച്ചതായും ശരീരമാകെ വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നുവെന്ന് കുടുംബം അറിയിച്ചു. ആത്മഹത്യയ്ക്ക് ശേഷമാണ് അഭിജിത്തിന്റെ സുഹൃത്തുക്കൾ സംഭവത്തെക്കുറിച്ച് പൊലീസിനോട് വിശദമായി പറഞ്ഞത്. ലഹരി ഉപയോഗിച്ചെന്നാരോപിച്ച് തങ്ങളെയും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അവർ മൊഴി നൽകി.
സംഭവത്തിൽ അഭിജിത്തിന്റെ കുടുംബവും സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിലാണെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


