കൊല്ലം: കൊട്ടാരക്കരയിൽ വീട്ടമ്മയുടെ മുഖത്ത് മുളക് കലർത്തിയ വെള്ളം ഒഴിച്ച ശേഷം സ്വർണ്ണമാല കവർന്ന കേസിൽ യുവതി അറസ്റ്റിലായി. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്റെ ഭാര്യ റസീന (36)യെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മേലില ലാൽ ജംഗ്ഷൻ സമീപത്തെ വാടകവീട്ടിലായിരുന്നു താമസം.
വാടകവീടിന് സമീപം താമസിച്ചിരുന്ന തങ്കമ്മയുടെ വീട്ടിലാണ് സംഭവം. ഉച്ചയോടെ കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന തങ്കമ്മയുടെ മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗിൽ കലർത്തിയ മുളക് വെള്ളം ഒഴിച്ചശേഷം, കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തങ്കമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റസീനയെ പിടികൂടിയത്. സമാന സ്വഭാവമുള്ള കേസുകളിൽ റസീന മുമ്പും പ്രതിയായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിജു കുമാർ പി.ഡി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലയ, ഹേമന്ത്, സജീവ്, ആതിര, ഗോപിക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




