തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. ജൂലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
തെക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഒഡീഷ തീരം, ഗംഗാ സമതല പശ്ചിമ ബംഗാൾ, വടക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.













