കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭരണപരമായ വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ കമ്മറ്റി രംഗത്ത്. അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കമ്മിറ്റി, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും സേവന പദ്ധതികൾക്കും യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അംഗങ്ങളുടെ ക്ഷേമം മുൻഗണനയായി തുടരുമെന്നും കമ്മിറ്റി അറിയിച്ചു.
കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള എല്ലാ ക്ഷേമപദ്ധതികളും തടസ്സമില്ലാതെ തുടരുകയാണെന്നും 2026 ജൂൺ 21 മുതൽ ഇന്നുവരെ സംഘടനയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും കത്തിൽ വിശദീകരിക്കുന്നു.
അമ്മ ജനറൽ ബോഡിക്ക് പിന്നാലെ ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിച്ചതോടെയാണ് സംഘടനയിൽ പ്രതിസന്ധി രൂക്ഷമായത്. തുടർന്ന് രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റെങ്കിലും മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തതിനെ തുടർന്ന് തർക്കം ഉടലെടുത്തു.
അഡ്ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ കോടതിയെ സമീപിക്കുകയും, തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തന്നെ ചുമതല തുടരാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. തുടർന്ന് രമേഷ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു.
ഇതിനിടെ, അഡ്ഹോക്ക് കമ്മിറ്റിയും നിയമപോരാട്ടത്തിലേക്ക് പോകില്ലെന്ന് അറിയിച്ച് ചുമതലകളും രേഖകളും താക്കോലുകളും ഡിജിറ്റൽ ആക്സസ് വിവരങ്ങളും മുൻ കമ്മിറ്റിക്ക് കൈമാറിയതായി വ്യക്തമാക്കിയിരുന്നു. സംഘടനയിലെ വിവാദങ്ങൾക്കിടയിലും അംഗങ്ങളുടെ ക്ഷേമവും സംഘടനയുടെ ഐക്യവും സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ശ്വേതാ മേനോൻ കമ്മിറ്റി തുറന്ന കത്തിലൂടെ ആവർത്തിച്ചു.




