ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതി അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കും. സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പഴയ നിലയിൽ പുനഃസ്ഥാപിക്കണമെന്നും ഹർജിക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ മൂലം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും കോടതിയെ അറിയിച്ചു.
ഹൈക്കോടതി ഉത്തരവുപ്രകാരം, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നയപരമോ സുപ്രധാനമോ ആയ തീരുമാനങ്ങൾ വഖഫ് ബോർഡിന് എടുക്കാനാവില്ല. മൂലധന ചെലവുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും താത്കാലികമായി ബോർഡിന്റെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
സമാനമായ ഒരു ഉത്തരവ് മുമ്പ് ഹൈക്കോടതി പുറപ്പെടുവിച്ചപ്പോൾ സുപ്രീംകോടതി അത് സ്റ്റേ ചെയ്തിരുന്നുവെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജികൾ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
കേരള വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് ബി.ജെ.പി. നേതാവ് ഷോൺ ജോർജ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2025-ലെ നിയമഭേദഗതി പ്രകാരം വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത കുറഞ്ഞത് രണ്ട് അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഈ ഒഴിവുകൾ നികത്താതെയാണ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം. മുസ്ലിംകളല്ലാത്ത രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.











