ബെംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോം ജീവനക്കാരിയായ കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്.
ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനായി ബി.സി റോഡ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ പ്രതിയായ ചേതൻ ആക്രമിക്കുകയായിരുന്നു.
ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതൻ. യുവതിക്ക് താൽപര്യമില്ലായിരുന്നിട്ടും ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവദിവസം സ്ഥലത്തെത്തിയ ചേതൻ ബാഗിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ലാവണ്യയെ ചേതൻ പിന്തുടർന്ന് നിരവധി തവണ വെട്ടിയതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
കൊലപാതകത്തിന് പിന്നാലെ പ്രതി ചേതൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


