ലഖ്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള സ്വകാര്യ സ്കൂളിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർഥിയെ ക്ലാസ് മോണിറ്ററായ സഹപാഠി എട്ട് മിനിറ്റോളം മർദ്ദിച്ച സംഭവം വിവാദമായി. അധ്യാപിക ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോയ സമയത്താണ് മർദ്ദനം നടന്നത്. കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കുകളും വീക്കവും സംഭവിച്ചു. ബുധനാഴ്ച എഎൽഎസ് അക്കാദമിയിലായിരുന്നു സംഭവം.
ക്ലാസ് മോണിറ്ററായ വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു. അധ്യാപിക നിർദേശിച്ച പ്രകാരം തല താഴ്ത്തി ഇരിക്കാത്തതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മുഖത്തെ പരിക്കും വീക്കവും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്കൂളിൽ എത്തി അന്വേഷണം നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ക്ലാസ് ആരംഭിച്ച് ഏകദേശം ഒരു മിനിറ്റിന് ശേഷം അധ്യാപിക വിദ്യാർഥികളോട് ഡെസ്കിൽ തല താഴ്ത്തി ഇരിക്കാൻ നിർദേശിക്കുകയും ക്ലാസ് മോണിറ്ററുടെ മേൽനോട്ടത്തിൽ ക്ലാസ് വിട്ടുപോകുകയും ചെയ്തു. പിന്നാലെ തല ഉയർത്തിയ വിദ്യാർഥികളെ മോണിറ്റർ അടിക്കുന്നതും, അഞ്ച് വയസ്സുകാരനെ പലതവണ മുഖത്തും ശരീരത്തും മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ബലമായി തല താഴ്ത്തി ഇരുത്താൻ ശ്രമിച്ചെങ്കിലും കുട്ടി എഴുന്നേറ്റ് ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചു. എന്നാൽ മോണിറ്റർ കുട്ടിയെ തടഞ്ഞ് അകത്തേക്ക് വലിച്ചിഴച്ച് വീണ്ടും മർദ്ദിക്കുകയും വാതിൽ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു. പിന്നീട് കുട്ടി മറ്റൊരു വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കുട്ടിയെ വീണ്ടും സീറ്റിലേക്ക് വലിച്ചുകൊണ്ടുവന്ന് മർദ്ദനം തുടർന്നു. ഇതിനിടെ മറ്റ് വിദ്യാർഥികൾ ഭയന്ന് തല താഴ്ത്തി ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഏകദേശം പത്ത് മിനിറ്റിന് ശേഷം അധ്യാപിക ക്ലാസിലേക്ക് മടങ്ങിയെത്തിയപ്പോൾ കുട്ടി സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് കുട്ടിയുടെ മുഖത്തെ പരിക്കുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്.
സംഭവത്തെ തുടർന്ന് ക്ലാസ് മോണിറ്ററായ വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, ഒരു നഴ്സറി വിദ്യാർഥിക്കുനേരെ ക്ലാസ് മുറിക്കുള്ളിൽ ഇത്തരമൊരു ആക്രമണം നടക്കുകയും അധ്യാപക മേൽനോട്ടം ഇല്ലാതിരിക്കുകയും ചെയ്ത സംഭവം സ്കൂളുകളിലെ വിദ്യാർഥി സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.




