തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ക്രൈം റെക്കോഡ് ബ്യൂറോ ഇൻസ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിമാനൂർ സ്വദേശിയും ക്രൈം റെക്കോഡ് ബ്യൂറോ ഇൻസ്പെക്ടറുമായ യഹിയ (51)യാണ് അറസ്റ്റിലായത്.
മുൻകരുതൽ അറസ്റ്റിലായ തന്റെ ബന്ധുക്കളെ വിട്ടയക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് യഹിയ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് തടഞ്ഞിട്ടും സെല്ലിന് മുന്നിൽ പേപ്പർ വിരിച്ച് പ്രതികൾക്കൊപ്പം കിടന്ന ഇയാൾ പിന്നീട് സെല്ലിനകത്ത് കയറിക്കിടന്നതായും പൊലീസ് അറിയിച്ചു.
യഹിയയെ സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി ചുള്ളിമാനൂർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് നാല് പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടുപേർ യഹിയയുടെ അടുത്ത ബന്ധുക്കളായിരുന്നു. ഇവരെ മോചിപ്പിക്കാനെത്തിയപ്പോഴാണ് സ്റ്റേഷനിൽ യഹിയ ബഹളംവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇതിന് മുമ്പും യഹിയക്കെതിരെ വിവിധ വകുപ്പുതല നടപടികൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.




