ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പെയിൻ ക്യാമ്പിന് ആശ്വാസ വാർത്ത. യുവതാരം ലമീൻ യമാൽ പരിക്കിൽ നിന്ന് മുക്തനാണെന്നും അർജന്റീനയ്ക്കെതിരായ ഫൈനലിൽ ആദ്യ ഇലവനിൽ ഇറങ്ങാൻ താരം ഫിറ്റാണെന്നും സ്പെയിൻ പരിശീലകൻ ലൂയിസ് ഡെ ലാ ഫുവന്തെ വ്യക്തമാക്കി.
പേശീവലിവിനെ തുടർന്ന് യമാൽ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്താതെ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. ഇതോടെ ഫൈനലിൽ താരത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യമാൽ മത്സരത്തിനായി പൂർണ സജ്ജനാണെന്ന് പരിശീലകൻ അറിയിച്ചു.
അതേസമയം, ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. ആവേശകരമായ സെമിയിൽ എൻസോ ഫെർണാണ്ടസും ലൗതാരോ മാർട്ടിനസും നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ഇരുവർക്കും ഗോളിന് വഴിയൊരുക്കിയത് നായകൻ ലയണൽ മെസിയായിരുന്നു.
മറുവശത്ത്, ടൂർണമെന്റിലെ കിരീട പ്രതീക്ഷകളുമായി എത്തിയ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ ഫൈനലിലെത്തിയത്. ഫ്രഞ്ച് മുന്നേറ്റനിരയിലെ സൂപ്പർ താരങ്ങളെ പ്രതിരോധിച്ച സ്പെയിനിനായി പെഡ്രോ പോറോയും മൈക്കൽ ഒയാർസബാലും ഗോൾ നേടി.
അർജന്റീനയും സ്പെയിനും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ ആരാകും ലോകകിരീടം ഉയർത്തുകയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. മെസിയുടെ പരിചയസമ്പത്തും യമാലിന്റെ യുവത്വവും നേർക്കുനേർ എത്തുന്ന ഫൈനൽ ആവേശകരമാകുമെന്നാണ് വിലയിരുത്തൽ.




