തിരുവനന്തപുരം: മുഖ്യമന്ത്രിയും കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നുവെന്ന് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും തമ്മിൽ മുഖാമുഖം കാണാതിരുന്നതാണ് സാഹചര്യം ഒഴിവാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വന്തം പാർട്ടിക്കാരുടെ കാര്യങ്ങൾ പോലും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിയണമെന്ന വിമർശനവും റിയാസ് ഉന്നയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി പ്രകടിപ്പിച്ചതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത രൂക്ഷമാകുകയാണ്.
കൊച്ചിയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാൻ അലോഷ്യസ് സേവ്യർ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാതെ മടങ്ങിയിരുന്നു. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ്.
കെഎസ്യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ വിഭാഗവുമായി അടുപ്പമുള്ള നേതാക്കളും രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ. പ്ലീഡർ നിയമന വിവാദം പാർട്ടിക്കുള്ളിലെ ചേരിതിരിവിന് കാരണമായിരിക്കുകയാണ്.




