കൊച്ചി: എളമക്കരയിൽ പവർകട്ടിനിടെ മെഴുകുതിരി കൊളുത്തുന്നതിനിടെ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു. എളമക്കര സ്വദേശി മറിയം പൈലി (71)യാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.
ഇക്കഴിഞ്ഞ 13-ന് രാത്രി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വീട്ടിൽ മെഴുകുതിരി കൊളുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മെഴുകുതിരി മറിഞ്ഞ് വസ്ത്രത്തിലേക്ക് തീപടരുകയും മറിയം പൈലിക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. വീട്ടിൽ തനിച്ചായിരുന്ന ഇവരെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ശരീരത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റിരുന്നു.
അതേസമയം, മുന്നറിയിപ്പില്ലാതെ ഉണ്ടായ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് ഓക്സിജൻ കോൺസൺട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന എം. കൃഷ്ണൻ (71) മരിച്ചിരുന്നു. രാത്രികാലങ്ങളിലെ ദീർഘനേരത്തെ വൈദ്യുതി മുടക്കം ഗുരുതര രോഗികളും സാധാരണ ജനങ്ങളും ഉൾപ്പെടെ പലർക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ട്.


