ന്യൂഡൽഹി: വാഗ്ദാനം ചെയ്ത ഗുണനിലവാരമുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ഹോസ്റ്റൽ അധികൃതർക്കെതിരെ ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി.ടെക് പഠനത്തിനെത്തിയ വിദ്യാർഥിക്ക് 30,000 രൂപയും അതിന് 9 ശതമാനം വാർഷിക പലിശയും, കൂടാതെ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനാണ് കമ്മീഷന്റെ ഉത്തരവ്.
ഹിമാചൽ പ്രദേശിലെ കാംഗ്ര സ്വദേശിയായ റാവത് എന്ന വിദ്യാർഥിയാണ് പരാതിക്കാരൻ. അഡ്വ. അനികേത് താക്കൂർ മുഖേനയാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2023 ഓഗസ്റ്റ് 17-ന് ഗ്രേറ്റർ നോയിഡയിലെ ഐ.ഐ.എൽ.എം സർവകലാശാലയിൽ പഠനത്തിനായി എത്തിയ റാവത്, നോളജ് പാർക്ക്–IIIയിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ എ.സി. മുറി എടുത്ത് 35,000 രൂപ മുൻകൂറായി നൽകിയിരുന്നു. മികച്ച ഭക്ഷണം, കൃത്യമായ അറ്റകുറ്റപ്പണി, വൈ-ഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് ഹോസ്റ്റൽ അധികൃതർ തുക ഈടാക്കിയതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, താമസം ആരംഭിച്ച ആദ്യ ആഴ്ചയിൽ തന്നെ മോശം ഭക്ഷണവും അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും നേരിടേണ്ടിവന്നു. മുറിയുടെ അറ്റകുറ്റപ്പണികൾ കൃത്യമായിരുന്നില്ലെന്നും വൈ-ഫൈ പാസ്വേഡ് പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്നും വിദ്യാർഥി ആരോപിച്ചു.
ഇതോടെ ഓഗസ്റ്റ് 23-ന് ഹോസ്റ്റൽ ഒഴിയാൻ തീരുമാനിച്ച റാവത്തിന്, ഒരാഴ്ചത്തെ താമസച്ചെലവ് കുറച്ച ശേഷം ബാക്കി തുക തിരികെ നൽകാമെന്ന് മാനേജർ വാക്കാൽ ഉറപ്പുനൽകിയെങ്കിലും പിന്നീട് പണം തിരികെ നൽകിയില്ല. തുടർന്നാണ് വിദ്യാർഥി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കാംഗ്ര ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, നിരവധി നോട്ടീസുകൾ നൽകിയിട്ടും ഹോസ്റ്റൽ അധികൃതർ ഹാജരാകാത്തതിനാൽ കേസ് ഏകപക്ഷീയമായി പരിഗണിച്ചു. വിദ്യാർഥി സമർപ്പിച്ച രേഖകൾ വിശ്വസനീയമാണെന്നും വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ ഗുരുതര വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ഒരാഴ്ചത്തെ താമസച്ചെലവായി 5,000 രൂപ കുറച്ച ശേഷം ബാക്കി 30,000 രൂപ വിദ്യാർഥിക്ക് തിരികെ നൽകാനും, 2025 സെപ്റ്റംബർ 27 മുതൽ തുക നൽകുന്നതുവരെ 9 ശതമാനം വാർഷിക പലിശ നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും ഹോസ്റ്റൽ അധികൃതർ നൽകണമെന്നും വിധിച്ചു.




