കൊച്ചി: കൊച്ചി ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് കോടതിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനുള്ളിൽ വിഷം കഴിച്ചത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ദമ്പതികൾക്കെതിരെ രജിസ്റ്റർ ചെയ്ത പീഡനപരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക വിവരം. പരാതിക്കാരന്റെ ബന്ധുവായ ജഡ്ജിയും പോലീസും കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ സ്വർണം ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങൾ ഇവർ ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തിന് മുമ്പ് തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പിലും പോലീസിനും ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആംബുലൻസിൽ നിന്ന് പകർത്തിയ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പരാതിക്കാരിയായ യുവതി വിനുവിന്റെ സുഹൃത്തായിരുന്നുവെന്നും പിന്നീട് മറ്റൊരു വിവാഹം കഴിച്ച ശേഷമാണ് പീഡനപരാതിയുമായി രംഗത്തെത്തിയതെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. ഇവരുടെ വാദങ്ങൾ ശരിവെക്കുന്ന തെളിവെന്ന നിലയിൽ ചില ചിത്രങ്ങളും ആംബുലൻസിൽ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പിന്തുണയോ സഹായമോ ആവശ്യമുണ്ടെങ്കിൽ ഹെൽപ്ലൈൻ നമ്പറുകളിൽ ഉടൻതന്നെ ബന്ധപ്പെടുക: ദിശ (DISHA കേരള സർക്കാർ ഹെൽപ്ലൈൻ: 1056, 0471-2552056 ദേശീയ ഹെൽപ്ലൈൻ നമ്പർ: 112കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടി: 0497-2700400വിമുക്തി (സംസ്ഥാന ലഹരിവർജന മിഷൻ): 14405 സ്നേഹിത (വനിതാ ഹെൽപ്ലൈൻ): 1800-425-1423)




