കാസർകോട്: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. കാസർകോട് ഗവൺമെന്റ് യു.പി സ്കൂൾ, മഡോണ എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയിൽ കുട്ടികളെ അമിതമായി കയറ്റിയതും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങളിൽ ഓട്ടോറിക്ഷയിൽ സീറ്റിന് പുറമേ അധിക തട്ട് സ്ഥാപിച്ച് കുട്ടികളെ കൊണ്ടുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അപകടസമയത്ത് ഓട്ടോറിക്ഷയിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


