കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നഴ്സിങ് വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പരീക്ഷ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 22കാരിയായ വിദ്യാർത്ഥിനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
കൊല്ലം പരവൂർ പൂതക്കുളത്തെ സ്നേഹാലയത്തിൽ ടി. ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്. സ്നേഹയാണ് മരിച്ചത്. മൈസൂരുവിൽ അവസാന വർഷ ബി.എസ്.സി നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് ട്രെയിൻ മാർഗം മടങ്ങുകയായിരുന്നു സ്നേഹ.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എ.സി. കോച്ചിലുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക പരിശോധന നടത്തി ചികിത്സ നൽകി. ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് ഇടപെട്ട് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ഐ.സി.യുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ചികിത്സാ പിഴവാണ് സ്നേഹയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.




