തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ജാമ്യം അനുവദിച്ച് നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. എന്നാൽ കാപ്പ നിയമപ്രകാരമുള്ള തടങ്കൽ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ജയിൽമോചനം ലഭിക്കില്ല.
കാപ്പ നടപടിയുടെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആർ. സുഗതൻ നേരത്തെ ജയിലിൽവെച്ചാണ് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തിൽ ജനവിധി മാനിക്കപ്പെടേണ്ടതാണെന്നും അസാധാരണ സാഹചര്യങ്ങളിൽ കോടതി അസാധാരണ തീരുമാനങ്ങൾ കൈക്കൊള്ളാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ പിന്നീട് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി ആ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു.
കാപ്പ നിയമപ്രകാരം ജൂൺ 9 മുതൽ നാടുകടത്തൽ നടപടിയിലായ ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തുടരുകയാണ്.




