കോഴിക്കോട്: മന്ത്രി പദവി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഡൽഹി സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയിലാണ് നടപടി.
പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജ്കുമാർ എന്ന പേരിലാണ് പ്രതികൾ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി പദവി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സംഭാഷണം. ഒരു എംപി നൽകിയ ഫോൺ നമ്പറാണ് ലഭിച്ചതെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. മന്ത്രിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ഇംഗ്ലീഷിലായുള്ള സംഭാഷണം ഏകദേശം പത്ത് മിനിറ്റോളം നീണ്ടു.
സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ പണം നൽകാമെന്ന് സമ്മതിക്കുന്നതായി നടിക്കുകയും തുടർന്ന് വിവരം ബന്ധപ്പെട്ട എംപിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് മറ്റൊരാൾ ബന്ധപ്പെട്ട് ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പറും തേടിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ വയനാട് ഓഫീസുമായും എഐസിസി ആസ്ഥാനവുമായും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു ഫോൺവിളി നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് എംഎൽഎ സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടെ, എംപിമാരായ ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസിനും സമാന രീതിയിലുള്ള ഫോൺവിളികൾ ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവരെയും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് പ്രതികൾ ബന്ധപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.












