ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘർഷം സൃഷ്ടിക്കുന്നത് സമരക്കാരല്ലെന്നും പുറത്തുനിന്നുള്ള ആളുകളാണെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ. സമവായ ചർച്ചകൾക്കായി ജന്തർ മന്തറിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്നും കേന്ദ്രമന്ത്രിമാർക്ക് പ്രതിഷേധവേദിയിലെത്തി ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച ഗൗരവമേറിയ വിഷയമാണെന്നും, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഉത്തരവാദികൾ, സർക്കാർ സ്വീകരിച്ച നടപടികൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ ചർച്ച പാർലമെന്റിൽ നടക്കേണ്ടതുണ്ടെന്നും നദ്ദ പറഞ്ഞു.
ഇതിനിടെ, ജന്തർ മന്തറിലെ സമരവേദിക്ക് സമീപം ഇന്നലെയും സംഘർഷാവസ്ഥ തുടരുകയായിരുന്നു. സൻസ്ദ് മാർഗിൽ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. രണ്ട് എസിപിമാരും ഒരു ഇൻസ്‌പെക്ടറും ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ ഡൽഹിയിലെ ചില പ്രദേശങ്ങളിൽ താൽക്കാലികമായി ഇന്റർനെറ്റ് സേവനങ്ങളും നിയന്ത്രിച്ചതായി റിപ്പോർട്ടുകളുണ്ട്.




