കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സർവകലാശാലയ്ക്കായി അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിന് 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്കായി 16,864 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാലുനില സമുച്ചയമാണ് നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഫയർ സേഫ്റ്റി, ജലവിതരണ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടും.
ഉന്നത വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
വർഷങ്ങളായുള്ള ഒരു സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നതെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ പദ്ധതി സഹായിക്കുമെന്നും മന്ത്രി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.




