പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.
മൂന്ന് മാസത്തോളം ജിദ്ദ ജയിലിലായിരുന്ന മുഹമ്മദ് അലിയെ ഡൽഹിയിലെത്തിച്ച ശേഷമാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് അലി കേസിലെ പ്രധാന പ്രതികളിലൊരാളാണ്.
2022 ഏപ്രിൽ 16നാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് പ്രതികാര നടപടിയുടെ ഭാഗമായി ശ്രീനിവാസനെ കൊലപ്പെടുത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ എലപ്പുള്ളിയിൽ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ശ്രീനിവാസന്റെ കൊലപാതകം.
കേസിൽ എൻഐഎ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാം കുറ്റപത്രം അതേ വർഷം നവംബറിലും സമർപ്പിച്ചിരുന്നു.




