കൊല്ലം: കൊല്ലം വള്ളിക്കാവിൽ കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കകം രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ടി.എസ്. കനാലിലെ കാട്ടിൽക്കടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ ഉച്ചയോടെ രോഗബാധിതയായി ഏറെ നാളായി കിടപ്പിലായിരുന്ന സന്ധ്യയുടെ അമ്മ ഭാസുരയും മരണത്തിന് കീഴടങ്ങി. മകളുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഭാസുരയുടെ അന്ത്യം.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സന്ധ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് വൈകിട്ട് നാല് മണിയോടെ സന്ധ്യയുടെയും ഭാസുരയുടെയും സംസ്കാരച്ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു.
സന്ധ്യയുടെ മക്കൾ അങ്കുഷും അക്ഷയയുമാണ്. പരേതനായ ശിവദാസനാണ് ഭാസുരയുടെ ഭർത്താവ്. ശിവജിത്താണ് മറ്റൊരു മകൻ.




