കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയതായി അവർ അറിയിച്ചു. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് ആശ അരവിന്ദ് പറഞ്ഞു. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും ‘അമ്മ’യുടെ അന്തസും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി. സഞ്ജീവനി ഉൾപ്പെടെയുള്ള പദ്ധതികളിൽ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആശ അരവിന്ദ് പറഞ്ഞു. നേരത്തെയും അവർ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു.
അതേസമയം, നടിയും ‘അമ്മ’ സംഘടനയുടെ പ്രസിഡന്റുമായ ശ്വേതാ മേനോനെ ചൊല്ലി സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസം തുടരുകയാണ്. ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്ത് തുടരണമോ, പുതിയ തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് ചോദിച്ച് ‘അമ്മ പെൺമക്കൾ’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോൾ നടത്തിയിരുന്നു.
പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 32 അംഗങ്ങൾ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായപ്പെട്ടത്. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള സമിതി തുടരണമെന്ന നിലപാടിന് ഒരാളുടെയും പിന്തുണ ലഭിച്ചില്ല. നേരത്തെ ശ്വേതാ മേനോനെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.




