കൊച്ചി: സി.എം.ആർ.എൽ.–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി. ഉടൻ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. പിണറായിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്നും അതിന് പ്രത്യുപകാരമായി യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും കർത്ത മൊഴി നൽകിയതായി ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്.
വീണ ആദ്യം ഐ.ടി. കൺസൾട്ടൻസി സേവനം നൽകിയിരുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, അതിന് ആവശ്യമായ രേഖകളോ ഇൻവോയ്‌സുകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. പിന്നീട് സേവനം നൽകിയിട്ടില്ലെന്ന് വീണ തന്നെ സമ്മതിച്ചതായും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു. 2017 ജനുവരി മുതൽ ഒക്ടോബർ വരെ ഒരു ഇൻവോയ്‌സും ഇല്ലാതെ സി.എം.ആർ.എൽ. 45 ലക്ഷം രൂപ എക്‌സാലോജിക്കിന് കൈമാറിയതും ഇ.ഡി. ഗൗരവമായി പരിശോധിക്കുകയാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് സി.എം.ആർ.എലിന് അനുകൂലമായ തീരുമാനങ്ങൾ ലഭിച്ചതിന്റെ പ്രത്യുപകാരമായിരുന്നോ ഈ പണമിടപാടുകളെന്നതും അന്വേഷണത്തിന്റെ പ്രധാന വിഷയമാണ്. 66 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന എക്‌സാലോജിക്കിന്റെ വാർഷിക വിറ്റുവരവ് അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നുവെന്നും, സി.എം.ആർ.എൽ. ഫണ്ടിനെയാണ് കമ്പനി പ്രധാനമായും ആശ്രയിച്ചിരുന്നതെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു.
ഐ.ടി. കൺസൾട്ടൻസി, മാർക്കറ്റിങ് സേവനങ്ങൾ എന്ന പേരിൽ എക്‌സാലോജിക്കിന് പ്രതിമാസം മൂന്ന് ലക്ഷം രൂപയും, കൺസൾട്ടന്റെന്ന പേരിൽ വീണയ്ക്ക് അഞ്ച് ലക്ഷം രൂപയും സി.എം.ആർ.എൽ. നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ശശിധരൻ കർത്തയുടെ ധനകാര്യ സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകിയതായും ഇ.ഡി. വ്യക്തമാക്കുന്നു.
അന്വേഷണത്തിനിടെ വീണയ്ക്ക് കോഴിക്കോട് രജിസ്റ്റർ ചെയ്ത ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന മറ്റൊരു സ്ഥാപനത്തിലും പങ്കാളിത്തമുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. ഇതിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15.57 ലക്ഷം രൂപ മരവിപ്പിച്ചിട്ടുണ്ടെന്നും റെയ്ഡിനിടെ വീണയുടെ മൊബൈൽ ഫോൺ, ഡയറി, ചില രേഖകൾ എന്നിവ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സി.എം.ആർ.എലിൽ നിന്ന് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിലേക്ക് പണം കൈമാറി പിന്നീട് അത് പണമായി തിരിച്ചെത്തിക്കുന്ന ‘സർക്കുലർ ഫണ്ടിങ്’ രീതിയും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. ചെളിനീക്കത്തിന്റെയും ചരക്കുനീക്കത്തിന്റെയും പേരിൽ വ്യാജ ചെലവുകളും അമിത ബില്ലുകളും ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നതായി എസ്.എഫ്.ഐ.ഒ. അന്വേഷണവും കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളുടെയും എക്‌സാലോജിക്കിന് ലഭിച്ച ഫണ്ടുകളുടെയും പശ്ചാത്തലത്തിലാണ് ഇ.ഡി. അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്.











